വീണാ ജോർജിന്റെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം വ്യാജരേഖ ചമച്ചെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : മെഡിക്കൽ ഓഫിസർ തസ്തികയിൽ നിയമനം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വ്യാജരേഖ ചമച്ചതായി ആരോഗ്യവകുപ്പ്. ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫിസർ ആയി നിയമനം ലഭിക്കാൻ പഴ്സനൽ സ്റ്റാഫായ അഖിൽ മാത്യുവിനു കൈക്കൂലി നൽകിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ ആരോഗ്യമന്ത്രിക്കു പരാതി നൽകിയത്.

ഉദ്യോഗാര്‍ഥിക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഇ മെയിലിലെ വിലാസം മലപ്പുറം ജില്ലാ ആയുഷ് മിഷന്റെ മെയിൽ ഐഡി അല്ലെന്ന് അധികൃതർ പറയുന്നു. dpmayushmlp@gmail.com എന്ന വിലാസമാണ് മലപ്പുറം ജില്ലാ ആയുഷ് മിഷൻ ഉപയോഗിക്കുന്നത്. ഉദ്യോഗാർഥിക്ക് വന്ന ഇ മെയിൽ സന്ദേശത്തിനൊപ്പം കൊടുത്തിരിക്കുന്ന ലോഗോ ആയുഷ് മിഷന്റെ ലോഗോയല്ലെന്നും നാഷനൽ ഹെൽത്ത് മിഷന്റെ ലോഗോയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഉദ്യോഗാർഥിക്ക് വന്നിട്ടുള്ള ഇ മെയിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ നമ്പർ C-29/2023/MLP/NAM എന്നതാണ്. ഇത് 2023 മാർച്ച് എട്ടിനു മലപ്പുറം ജില്ല ആയുഷ് മിഷൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ്.

ഇത് പിജി മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷയാണ്. ഇതിൽ നിയമനവും നേരത്തെ നടന്നു കഴിഞ്ഞു. പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് ഡിഗ്രി യോഗ്യതയിലുള്ള ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കാണ്. കൂടാതെ പരാതിക്കാരന് C-29/2023/MLP/NAM നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന് സംഭവത്തിൽ പങ്കില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. പഴ്സനൽ സ്റ്റാഫിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

Top