കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍കാലിക തസ്തിക സൃഷ്ടിക്കുന്നു

health insurance

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമെയാണിത്.

ഡോക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ജെ.എച്ച്.ഐമാര്‍, ജെ.പി.എച്ചുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ അടക്കം ഉള്‍പ്പെടുന്ന 21 തസ്തികയാണ് പുതുതായി സൃഷ്ടിക്കുക. ഇവരെ കോവിഡ് ആശുപത്രി, കോവിഡ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം നിയമിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ അടക്കം നിരവധി പേര്‍ വീടുകള്‍ക്ക് പകരം സര്‍ക്കാര്‍ ക്വാറന്റൈന്‍ മതിയെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top