എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാല്‍ കാലൊടിക്കും; ശിവസേന നേതാവിന്റെ മുന്നറിയിപ്പ്

പാര്‍ട്ടി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായുള്ള യോഗങ്ങള്‍ നടക്കവെയാണ് പാര്‍ട്ടി അംഗങ്ങളെ പൊക്കാന്‍ നോക്കേണ്ടെന്ന് സത്താര്‍ മുന്നറിയിപ്പ് നല്‍കിയത്. ഔറംഗാബാദ് ജില്ലയിലെ സില്ലോദ് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയാണ് അബ്ദുള്‍ സത്താര്‍.

സേനാ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നോക്കിയാല്‍ തിരിച്ചടി അക്രമത്തിന്റെ രൂപത്തിലാകുമെന്നാണ് സത്താറിന്റെ ഭീഷണി. ‘ശിവസേന എംഎല്‍എയെ തട്ടിയെടുക്കാന്‍ നോക്കിയാല്‍ അവരുടെ തല ഞാന്‍ അടിച്ച് പൊട്ടിക്കും. അവരുടെ കാലും തല്ലിയൊടിക്കും’, സത്താര്‍ ഭീഷണി മുഴക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആശയപരമായ എതിര്‍പ്പുള്ള എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കുന്നതില്‍ ശിവസേനയ്ക്കുള്ളില്‍ രോഷം പുകയുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പാര്‍ട്ടി എംഎല്‍എ ഈ നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു എതിര്‍പ്പുമില്ലെന്നാണ് മുതിര്‍ന്ന സേനാ നേതാക്കളുടെ പ്രതികരണം. ‘ഞങ്ങളുടെ എംഎല്‍എമാര്‍ സന്തുഷ്ടരല്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. അച്ചടക്കമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്, സേനാ മേധാവി ഉദ്ധവ് താക്കറെയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്’, സേനാ നേതാവ് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷം എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കടത്താനാണ് ശിവസേന ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വസ്ത്രങ്ങളും, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകളുമായി വരാനാണ് എംഎല്‍എമാരോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്.

Top