‘എത്ര കോടി തന്നാലും അഭിനയിക്കില്ല’; മദ്യക്കമ്പനിയുടെ പരസ്യഓഫർ നിരസിച്ച് ചിമ്പു

ചെന്നൈ: തെന്നിന്ത്യൻ നടന്മാരായ അല്ലു അര്‍ജുവിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യകമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. മൾട്ടിനാഷണൽ ആൽക്കഹോൾ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള വലിയ ഓഫർ ഉണ്ടായിരുന്നിട്ടും ചിമ്പു നിരസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് മഹാമാരിക്ക് മുമ്പ് ചിമ്പുവിന്റെ ശരീരഭാരം വളരെയധികം കൂടിയിരുന്നു. തുടർന്ന് നിരന്തരമായ വ്യായാമത്തിലൂടെയാണ് ശരീരഭാരം നടൻ കുറച്ചത്. ഇതിന്റെ വീഡിയോ ചിമ്പു സോഷ്യൽ മീഡിയയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചായായി അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും താരം ഉപേക്ഷിച്ചെന്നും ഈ തീരുമാനം മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിക്കാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്. കരിയറിൽ വലിയ പരാജയങ്ങൾക്ക് ശേഷം നീണ്ട ഇടവേളയും താരം എടുത്തിരുന്നു. തുടർന്ന് 2021ൽ ‘മാനാട്’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കോളിവുഡിൽ ചിമ്പു തിരിച്ചുവരവ് നടത്തിയത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വെന്ത് തണിന്തത് കാട്’ എന്ന ചിത്രമാണ് ഇനി ചിമ്പുവിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബർ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സംവിധായകൻ ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തലയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Top