ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചു ; പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: പത്തനംതിട്ടയിലെ ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് (43) പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ഹോട്ടലില്‍ എത്തിച്ചു. സുരക്ഷാഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതോടെ സുരക്ഷയും ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട പോലീസിന് സംശയംതോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച രാത്രി 10-നാണ് ഇയാള്‍ പത്തനംതിട്ടയിലെ ജഡ്ജിയാണെന്നും വാഹനം തകരാറായെന്നും പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ചത്. ഹൊസ്ദുര്‍ഗ് പോലീസെത്തിയാണ് ഹോട്ടലില്‍ എത്തിച്ചത്. ആദ്യം ജഡ്ജിയാണെന്ന് പറഞ്ഞ പ്രതി ഇടയ്ക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞതാണ് സംശയത്തിനിടയാക്കി്. പിന്നീട് നടന്ന ചോദ്യംചെയ്യലില്‍ കാര്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു. സുഹൃത്തായ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയാണ് ഷംനാദ് സബ് കളക്ടറാണെന്ന് പറഞ്ഞ് പുതിയകോട്ടയിലെ ലോഡ്ജില്‍ മുറി ബുക്ക് ചെയ്തത്. ലോഡ്ജില്‍ വാടക നല്‍കിയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Top