ഓഖി ; സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈ: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നരേന്ദ്ര മോദിക്ക് കത്തയച്ചു.

ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കന്യാകുമാരി ജില്ലയിലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ധാരാളം മത്സ്യതൊഴിലാളികള്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ട്.

ഇതില്‍ തമിഴ്‌നാട് സര്‍ക്കാറിനുള്ള നന്ദി മുഖ്യമന്ത്രി പളനിസ്വാമി കത്തിലൂടെ അറിയിച്ചിട്ടുമുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി മത്സ്യതൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും, ഇവരെ കണ്ടെത്താന്‍ നാവികസേന നടത്തുന്ന തിരച്ചില്‍ കന്യാകുമാരി മുതല്‍ ഗുജറാത്ത്, മാലിദ്വീപ് വരെയുള്ള കടല്‍ മേഖലയില്‍ ഊര്‍ജിതമാക്കണമെന്നും സര്‍ക്കാര്‍ കത്തില്‍ സൂചിപ്പിക്കുന്നു.

ദുരന്തത്തില്‍ ഊര്‍ജ മേഖല, ഹോര്‍ട്ടികള്‍ച്ചര്‍, കാര്‍ഷിക മേഖല, റോഡ് ശൃംഖല, മത്സ്യബന്ധനം, കുടിവെള്ള വിതരണം അടക്കമുള്ള മേഖലകള്‍ താറുമാറായിട്ടുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തുള്ള നഷ്ടത്തിന്റെ കണക്കുകള്‍ വിശദമായി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും, ഇതിന് മുന്നോടിയായി അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും കത്തില്‍ പളനിസ്വാമി ആവശ്യപ്പെടുന്നുണ്ട്.

Top