അഭിനന്ദന്‍ യഥാര്‍ത്ഥ സൈനികന്‍; പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നു: പിതാവ്

ചെന്നൈ: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് പിതാവ് രംഗത്ത്. മകനെ കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുകയും അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുകയും ചെയ്ത ഏല്ലാര്‍ക്കും നന്ദിയുണ്ടെന്നും, മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് പുറത്ത് വന്ന വീഡിയോകള്‍ വ്യക്തമാക്കുന്നതെന്നും പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ദ്ധമാന്‍ പറഞ്ഞു.

അഭിനന്ദന്‍ യഥാര്‍ത്ഥ സൈനികനാണ്, വീഡിയോകളില്‍ അവന്‍ സംസാരിക്കുന്നത് വളരെ ധീരമായാണെന്നും പിതാവ് വ്യക്തമാക്കി. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവന്റെ തിരിച്ച് വരവിന് വേഗം കൂട്ടുമെന്നും പിതാവ് പറഞ്ഞു. പാക്ക് കസ്റ്റഡിയില്‍ അവന് പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നു, ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന്‍ തിരികെയെത്തണമെന്നാണ് ആഗ്രഹമെന്നും പിതാവ് പറഞ്ഞു.

വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്നലെയാണ് പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലുള്ള അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീഡിയോകളും ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.

Top