ഇന്‍ട്രോ ഷൂട്ടിനായി താന്‍ ശാരീരികമായി തയ്യാറായി; മിസ്റ്റര്‍ എക്‌സി’ന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ

‘മിസ്റ്റര്‍ എക്‌സി’ന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ആര്യ. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മിസ്റ്റര്‍ എക്‌സിന്റെ ഇന്‍ട്രോ ഷൂട്ടിനായി താന്‍ ശാരീരികമായി തയ്യാറായി കഴിഞ്ഞുവെന്നാണ് നടന്‍ വീഡിയോയിലൂടെ പറയുന്നത്. മനു ആനന്ദാണ് ചിത്രം സംവിധാനം ചെയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ഉടനെ വരുമെന്നും ആര്യ പറഞ്ഞു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് മഞ്ജു വാര്യരാണ്. മിസ്റ്റര്‍ എക്‌സിന്റെ അയണ്‍ ലേഡി എന്നാണ് ആര്യ മഞ്ജുവിനെ അഭിസംബോധന ചെയ്തത്. അസുരന്‍, തുനിവ് എന്നീ സിനിമകള്‍ക്ക് ശേഷം മഞ്ജു എത്തുന്ന തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. ഗൗതം കാര്‍ത്തിക്കും മറ്റൊരു നിര്‍ണായക കഥപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രിന്‍സ് പിക്ചേഴ്സ് ആണ് മിസ്റ്റര്‍ എക്‌സിന്റെ നിര്‍മാണം. വലിയ നിര്‍മ്മാണ ചെലവിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. തമിഴിനു പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top