കായിക കൈപ്പുസ്തകം വികസന മുന്നേറ്റത്തിലെ പുതിയ ചുവട് വയ്പ്പ്, ജയരാജൻ

MV Jayarajan

തിരുവനന്തപുരം ; കായിക മേഖലയിലെ പുതിയ ചുവടുവെയ്പിന്റെ ഭാഗമാണ് സ്‌പോര്‍ട്‌സ് ഗൈഡെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന്‍.

കായികമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയതാണ് സ്‌പോര്‍ട്‌സ് ഗൈഡെന്നും ഇത് കായികമേഖലയിലെ പുതിയ മാറ്റങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് കായിക മേഖലയിലെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇത്തരത്തിലൊരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

സമഗ്ര കായിക കൈപ്പുസ്തകം
മറ്റൊരു മുന്നേറ്റം
=====================
സമഗ്ര വികസന മുന്നേറ്റമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നത് ഇതിനോടകം തന്നെ പ്രഖ്യാപിക്കപ്പെട്ടത്. ഇതിനൊപ്പം ചേരുന്ന കായിക മേഖലയിലെ ചുവടുവെയ്പിന്റെ ഭാഗമാണ് സ്‌പോര്‍ട്‌സ് ഗൈഡ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കായികവകുപ്പ് മന്ത്രി ശ്രീ എ.സി.മൊയ്തീനിന് നല്‍കി സ്‌പോര്‍ട്ട്‌സ് ഗൈഡ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തു.

കായികമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയതാണ് സ്‌പോര്‍ട്‌സ് ഗൈഡ്. ഇത് കായികമേഖലയിലെ പുതിയ മാറ്റങ്ങളുടെ തുടര്‍ച്ചയാണ്.കേരളത്തില്‍ ആദ്യമായിട്ടാണ് കായിക മേഖലയിലെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇത്തരത്തിലൊരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്.കായിക വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. സാമ്പത്തീക വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇനി ഈ ഗൈഡ് പ്രസിദ്ധീകരിക്കുക.ഇതില്‍ സംസ്ഥാന -ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളുടെ വിശദ വിവരം സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷനുകളുടെ വിശദവിവരം, കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകളും, അവിടെയുള്ള കായിക ഇനങ്ങളും, പരിശീലകരുടെ വിശദ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും മൈതാനങ്ങളുടെ വിശദവിവരവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതു പോലെ ഈ മൈതാനങ്ങളില്‍ ഏതെല്ലാം കായിക ഇനങ്ങളാണ് പരിശീലിപ്പിക്കുന്നതെന്നും ഇവിടങ്ങളിലേക്ക് ബന്ധപ്പെടേണ്ട നമ്പറുകളും ഈ ഗൈഡിലുണ്ട്.കേരളത്തിലെ മുഴുവന്‍ മൈതാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കായികതാരങ്ങള്‍ക്കും, ഈ മേഖലയെക്കുറിച്ചറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് കൈപ്പുസ്തകം രൂപകല്‍പന ചെയ്തിട്ടുള്ളത് . പുതുതായി നിര്‍മ്മിക്കുന്ന മൈതാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്കൊണ്ട് ഗൈഡില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഒരോ സാമ്പത്തീക വര്‍ഷവും ഗൈഡ് പ്രസിദ്ധീകരിക്കുക.

സ്‌കൂള്‍ കായിക മേളയില്‍ ഉള്‍പ്പെടുത്തിയ കായിക ഇനങ്ങള്‍, മത്സരഘടന, ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡം, കായിക മേഖലയിലെ പ്രധാന ഉത്തരവുകള്‍, കേരളത്തിലെ കായിക ചരിത്രം, കായിക വകുപ്പിന്റെ പ്രധാന പദ്ധതികള്‍, മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ സംബന്ധിച്ച വിവരങ്ങള്‍, കായിക മേഖലയിലെ അവാര്‍ഡുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ കായിക മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ഗൈഡിലുണ്ട്.കേരളത്തിലെ ഒളിമ്പ്യന്‍മാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, രാജീവ്ഗാന്ധി ഖേല്‍ രത്ന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട കായിക ഇനങ്ങളുടെ നിയമങ്ങളും, ഓരോ മത്സരത്തിനും ആവശ്യമായ കളിക്കളത്തിന്റെ അളവും ഇതിലുണ്ട്. കായിക ഇനങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ഗൈഡ് കായികമേഖലയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരുമുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്. കായിക കേരളത്തിന്റെ മുന്നേറ്റത്തിനായി ഒരുമിക്കാം ; പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്.
– എം.വി ജയരാജന്‍

Top