വീടുകയറി ആക്രമിച്ചത് വരാപ്പുഴയില്‍തന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്ന് വെളിപ്പെടുത്തല്‍

Sreejith-

വരാപ്പുഴ : വീടുകയറി ആക്രമിച്ചതു വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ലെന്നും ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്നും നിര്‍ണായക വെളിപ്പെടുത്തല്‍.

ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരന്‍ സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതില്‍ ആറുപേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണു പൊലീസില്‍ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് അറിയിച്ചു.

ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

ഇതിനിടെ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമാണെന്ന ചികിത്സാ രേഖകള്‍ പുറത്ത് വന്നിരുന്നു. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു

ഐജി ശ്രീജിത്താണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്.

Top