അദ്ദേഹം 1000 ശതമാനം ഫിറ്റാണ്; അഭ്യൂഹങ്ങള്‍ തള്ളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായ ഛോട്ടാ ഷക്കീല്‍

ഡല്‍ഹി: പതിറ്റാണ്ടുകളായ് ഇന്ത്യ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളി ദാവൂദിന്റ അടുത്ത കൂട്ടാളിയായ ഛോട്ടാ ഷക്കീല്‍. ദാവൂദ് ഇബ്രാഹിം ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഛോട്ടാ ഷക്കീല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ‘ഭായിയുടെ മരണത്തെ സംബന്ധിച്ചുള്ള കിംവദന്തികള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1000 ശതമാനം ഫിറ്റാണ്’ എന്നായിരുന്നു ഛോട്ടാ ഷക്കീലിന്റെ വാക്കുകള്‍.

കാലങ്ങളായുള്ള കിവംദന്തിയാണ് ഇത്തരം വാര്‍ത്തകളെന്നായിരുന്നു ഛോട്ടോ ഷക്കീലിന്റെ പ്രതികരണം. പാകിസ്താനില്‍ ദാവൂദിനെ സന്ദര്‍ശിച്ചസമയത്ത് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നും ഇതേത്തുടര്‍ന്ന് പാകിസ്താനിലെ ആശുപത്രിയിലാണെന്നുമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന വിവരങ്ങള്‍. വിഷബാധയേറ്റ് ദാവൂദ് ഇബ്രാഹിം മരിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഒരു പാകിസ്താനി യൂട്യൂബറാണ് ദാവൂദിന് വിഷബാധയേറ്റെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായി. കഴിഞ്ഞദിവസങ്ങളില്‍ പാകിസ്താനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതും ദാവൂദുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ഇന്ത്യ തിരയുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചില ഭീകരര്‍ അടുത്തിടെ അജ്ഞാതരുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളും ദാവൂദിന് വിഷബാധയേറ്റെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, ദാവൂദിന്റെ ബന്ധുക്കള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത കൂട്ടാളിയായ ഛോട്ടാ ഷക്കീലും ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്ന് വെളിപ്പെടുത്തല്‍.

Top