ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ; ഇപ്പൊ വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു:പെപ്പെ

ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. സിനിമാ മേഖലയില്‍ നിന്ന് തന്നെ നിരവധിപ്പേരാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രകീര്‍ത്തിച്ചെത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസും. ചിത്രം അതിഗംഭീരമാണെന്നും ഈ വിജയം അഭിമാനമുണ്ടാക്കുന്നതാണെന്നുമാണ് നടന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. കമല്‍ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു… എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും’, ആന്റണി വര്‍ഗീസ് കുറിച്ചു.

Top