മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയില്‍; കേന്ദ്രവുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കൊച്ചി മെട്രോ രണ്ടാംഘട്ട നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജൻസികളിൽ നിന്നും വായ്പ എടുക്കാൻ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ബാഹ്യ ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പാസ് ത്രൂ അസിസ്റ്റൻസായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കൊച്ചി മെട്രോയുടെ നേട്ടം അറിയാൻ കൊച്ചിയിൽ പോയാൽ മതിയെന്ന് പി പി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്ക് പിപിപി മാതൃകയിൽ സജ്ജമാക്കും. ഇതിനായി 200 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം നിക്ഷേപമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ടെക്‌നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിലെ 13.65 ഏക്കറിൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററായി പാർക്ക് പ്രവർത്തിക്കും. ഡിജിറ്റൽ സയൻസ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പാർക്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തലമുറ സയൻസ് പാർക്ക് എന്ന നിലയിൽ ക്ലസ്റ്റർ അധിഷ്ഠിതവും സംവേദനാത്മകവും നൂതനവുമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാർക്ക് രൂപ കൽപ്പന ചെയ്തിട്ടുള്ളത്.

Top