ജഡ്ജി നിയമനം; സുപ്രീംകോടതി കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകും

ഡല്‍ഹി: ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിയേക്കും. ജഡ്ജി നിയമനത്തിനുള്ള പരിഷ്‌കരിച്ച നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയ ശേഷം നിയമന ശുപാര്‍ശയില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. ജഡ്ജി നിയമനം വൈകുന്നതിനെതിരായ ഹര്‍ജികള്‍ നവംബര്‍ ഏഴിന് പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.

ഇതിനിടയില്‍, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തീരുമാനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചിരുന്നു. രണ്ടാമതും ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ കേന്ദ്രത്തിന്റെ തീരുമാനം വൈകുന്നതിലായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, ജഡ്ജി നിയമനത്തിനുള്ള പരിഷ്‌കരിച്ച നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയ ശേഷം നിയമന ശുപാര്‍ശയില്‍ തീരുമാനം എടുത്താല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം.

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ പരിഷ്‌കരിച്ച രൂപം സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയിലാണ്. ഏഴ് വര്‍ഷം മുമ്പാണ് നടപടിക്രമങ്ങളുടെ പരിഷ്‌കരിച്ച കരട് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുകൂടി പങ്കാളിത്തം നല്‍കുന്ന ഈ കരടിനോട് സുപ്രീംകോടതി കൊളീജിയത്തിന് വിയോജിപ്പാണ്. അതിനാലാണ് കൊളീജിയം തീരുമാനം വൈകുന്നത്.

Top