കോണ്‍ഗ്രസ് സഖ്യത്തോടെ 12 വര്‍ഷത്തെ പ്രതിച്ഛായ തകര്‍ന്നുവെന്ന് എച്ച്.ഡി കുമാരസ്വാമി

ബെംഗളുരു: കോണ്‍ഗ്രസിനേപ്പോലെ ബിജെപി പോലും തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. 12 വര്‍ഷത്തെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ് സഖ്യത്തോടെ തകര്‍ന്നതെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിര്‍ബന്ധിച്ചത്. ആ തീരുമാനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. വൈകാരികമായ ആ തീരുമാനമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായതെന്നും കുമാരസ്വാമി ആരോപിക്കുന്നു.

പാര്‍ട്ടിക്കും തനിക്കും പതനത്തിനുള്ള അവസരം മാത്രമാണ് ആ സഖ്യം കൊണ്ടുണ്ടായത്. ആ വൈകാരിക തീരുമാനത്തിന് എച്ച് ഡി ദേവഗൌഡയെ താന്‍ പഴിക്കില്ല, ഒരു മതേതര സമൂഹത്തിന് വേണ്ടിയുള്ള പിതാവിന്റെ ആഗ്രഹമായിരുന്നു ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ കെണിയില്‍ വീഴുകയായിരുന്നു താനെന്നാണ് കുമാരസ്വാമി ആരോപിക്കുന്നത്. ബിജെപി പോലും വഞ്ചിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസ് ജെഡിഎസിനെ വഞ്ചിച്ചത്. എന്നാല്‍ കുടുംബത്തിന്റെ പേരിലും സംസ്‌കാരത്തിന്റെ പേരിലും കണ്ണീര്‍ പൊഴിക്കുന്ന വിദഗ്ദനായ നുണയനാണ് കുമാരസ്വാമിയെന്നാണ് സിദ്ധരാമയ്യയുടെ മറുപടി.

Top