വിവാദ പരാമര്‍ശം; കുമാരസ്വാമിയ്‌ക്കെതിരെ പരാതിയുമായി ബിജെപി

kumaraswami-new

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയ്‌ക്കെതിരെ പരാതിയുമായി ബിജെപി. കഴിഞ്ഞ ദിവസം കുമാരസ്വാമി ഉന്നയിച്ച ഗുരുതര ആരോപണത്തിന് എതിരെയാണ് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ പ്രസ്താവന വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ കുമാരസ്വാമി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ കരന്തലജെ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കാന്‍ നീക്കം നടത്തിയെന്ന ആരോപണവുമായിട്ടായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയത്.

സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ വഴികളും തേടുകയാണ് യെദ്യൂരപ്പയെന്നും ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ചില എംഎല്‍എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി തിരികെ ബംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top