എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ. ബി.ജെ.പി. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നാണ് ശോഭ ആവശ്യപ്പെട്ടത്.

അതേസമയം, കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി.യാണെന്ന ആരോപണം ശോഭ കരന്തലജെ നിഷേധിച്ചു. കോണ്‍ഗ്രസ് – ജെ.ഡി.എസ്. വിമത എം.എല്‍.എമാരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ബി.ജെ.പി.യിലേക്ക് ആരുവന്നാലും അവരെ സ്വീകരിക്കുമെന്നും ശോഭ കരന്തലജെ വ്യക്തമാക്കി.

അതിനിടെ കര്‍ണാടകയില്‍ ഒരു മന്ത്രികൂടി രാജിവെച്ചിരുന്നു. സ്വതന്ത്ര എംഎല്‍എയായ എച്ച്. നാഗേഷാണ് രാജിവെച്ചത്. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണയും നാഗേഷ് പിന്‍വലിച്ചു. ഒരു മാസം മുമ്പാണ് നാഗേഷ് മന്ത്രിസഭയുടെ ഭാഗമായത്. നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം കര്‍ണാടകയില്‍ മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ആവശ്യമെങ്കില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെക്കുമെന്നും മന്ത്രിമാര്‍ രജിസന്നദ്ധത അറിയിച്ചെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മന്ത്രി യു ടി ഖാദര്‍ പ്രതികരിച്ചിട്ടുണ്ട്.

രാജിവച്ച എംഎല്‍മാരെ തിരികെക്കൊണ്ടുവരാനുള്ള അനുനയശ്രമങ്ങള്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലും ആരംഭിച്ചിരുന്നു. രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗറെഡ്ഡിയെ അനുനയിപ്പിക്കാനും മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് ഇടപെടും. രാമലിംഗറെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.

Top