HCU suicide: Students vandalise office as VC Appa Rao resumes work

ഹൈദരാബാദ്: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവു പൊഡിലക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം. രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതകാല അവധിയില്‍ പോയ അപ്പാറാവു ഇന്നാണ് ഓഫീസില്‍ തിരിച്ചെത്തിയത്.

അപ്പാറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മടങ്ങിവരവ്. അപ്പാറാവു വന്നാല്‍ തടയുമെന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥികളുടെ സംയുക്ത സമരസമിതി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങളാണ് രോഹിതിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ അപ്പാറാവുവിനെ സ്ഥാനത്ത് നിലനിര്‍ത്തുന്നതിലൂടെ വ്യക്തമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

രോഹിത് അടക്കമുള്ള അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷം എ.ബി.വി.പിയുടെ പരാതി പ്രകാരം അന്യായമായി സസ്‌പെന്റ് ചെയ്തതിന് പ്രധാന ഉത്തരവാദി അപ്പാറാവുവാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കേന്ദ്രമന്ത്രിമാരായ ബന്ധാരു ദത്താത്രേയയുടേയും സ്മൃതി ഇറാനിയുടേയും നിര്‍ദ്ദേശങ്ങളേയും സമ്മര്‍ദ്ദങ്ങളേയും തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും ഇതാണ് രോഹിതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. നേരത്തെ ആത്മഹത്യപ്രേരണക്ക് അപ്പാറാവുവിന്റെ പേരില്‍ കേസെടുത്തിരുന്നു.

Top