രോഹിത് വെമുല സമരസ്മാരകം സര്‍വ്വകലാശാല അധികൃതര്‍ പൊളിച്ചുനീക്കി ; പ്രതിഷേധം ശക്തം

ഹൈദരാബാദ് : കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ഓര്‍മയില്‍ നിലനിര്‍ത്തിയ സമര സ്മാരകം ‘വെള്ളിവാട’ ഹൈദരബാദ് സര്‍വ്വകലാശാല അധികൃതര്‍ പൊളിച്ചു മാറ്റി. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ നടപടിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ഈ മാസം 17ന് വെമുലയുടെ മൂന്നാം മരണവാര്‍ഷികം ആചരിക്കാനിരിക്കെയാണ് നടപടി. രോഹിത് വെമുല ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയപ്പോള്‍,പ്രതിഷേധസൂചകമായി സര്‍വ്വകലാശാലയിലെ ഷോപ്പിങ് ക്ലോംപ്ലക്സിന് അരികില്‍ ‘വെള്ളിവാട’ എന്ന പേരില്‍ ഷീറ്റ്കൊണ്ട് മറച്ച ഈ സമരപന്തലിലാണ് അവര്‍ താമസിച്ചിരുന്നത്.

വെമുല മരിച്ചതിന് ശേഷവും വിദ്യാര്‍ത്ഥികള്‍ ഇവിടെ സമരം തുടര്‍ന്നിരുന്നു. പ്രദേശത്ത് ആരുമില്ലാതിരുന്ന സമയം നോക്കിയാണ് അധികൃതര്‍ൃ സമരപന്തല്‍ പൊളിച്ചു നീക്കിയത്. എബിവിപി നയിക്കുന്ന യൂണിയന്റെ ഒത്താശയോടെയാണ് നടപടിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വൈസ് ചാന്‍സലറിന്റെ അക്രമത്തിന് എതിരെ എഎസ്എ ഇന്ന് വൈകിട്ട് ആറ് മണിക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തും.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമുല. സര്‍വകലാശാലയില്‍ തുടര്‍ന്ന് വരുന്ന ദളിത് വിവേചനത്തെ അടയാളപ്പെടുത്തുന്നതായിരുന്നു വെമുലയുടെ ആത്മഹത്യ.

Top