‘ഗ്രേസ്- 1’ കപ്പലിലെ ഇന്ത്യന്‍ നാവികരെ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി:ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലിലെ നാവികരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉറപ്പ് നല്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് മുരളീധരന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് യാത്രാ ആവശ്യത്തിനുള്ള രേഖകളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെന്ന് ഇന്നലെ വി. മുരളീധരന്‍ പറഞ്ഞിരുന്നു.

24 ഇന്ത്യക്കാരുള്ള കപ്പലില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാനിലെ ഗ്രേസ്- 1 കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രതീഷ് എന്നിവരാണ് ഇറാനിയന്‍ കപ്പലിലുള്ളത്.

സിറിയയിലേക്ക് എണ്ണയുമായി പോകവേ, രണ്ടാഴ്ച മുന്‍പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു മാറി, ഗ്രേസ്- 1 ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാണ് പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.

Top