ഊരാളുങ്കലിന് ഡാറ്റാബേസ് നൽകില്ല; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിനു കൈമാറുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനുള്ള പ്രാരംഭ തുകയായി 35 ലക്ഷം രൂപ അനുവദിക്കുന്നതും തടഞ്ഞിട്ടുണ്ട്.

പ്രവേശനം അനുവദിക്കാത്ത ഡാറ്റാ ശേഖരം കൈകാര്യം ചെയ്യാന്‍ എങ്ങനെ സ്വകാര്യ ഏജന്‍സിയെ അനുവദിക്കാനാവുമെന്ന് കോടതി ചോദിച്ചു.

ഇത് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്നതാണെന്നു കാണിച്ച് കെപിസിസി ഭാരവാഹി ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കരാര്‍ ഊരാളുങ്കലിന് തന്നെ നല്‍കിയതില്‍ അധികാര ദുര്‍വിനയോഗമുണ്ടെന്നും, കേരള പൊലീസിന്റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

പോലീസ് കൈകാര്യം ചെയ്യുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലെ രഹസ്യ വിവരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നല്‍കുന്നതു പ്രത്യാഘാതമുണ്ടാക്കുമെന്നും ദുരുദ്ദേശത്തോടെയുള്ള ഉത്തരവാണെന്നും ഹര്‍ജിയില്‍ പറയുന്നു

ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്.

 

 

 

Top