കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി ഹൈക്കോടതി

kerala-high-court

കൊച്ചി: കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാന്‍ പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഭീഷണിമൂലം സമന്‍സ് നല്കാനാവുന്നില്ലെന്ന് കോടതി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.

മുസ്‌ലീം ലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രന്‍ ഹര്‍ജി നല്കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമന്‍സ് അയച്ചത്.

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം.

Top