ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. സ്വകാര്യ ലാബുടമകളുമായി ചര്‍ച്ച ചെയ്തു നിരക്ക് സംബന്ധിച്ച് തീരുമാനം മൂന്നാഴ്ചയ്ക്കുള്ളില്‍ എടുക്കാനും ജസ്റ്റിസ് ടി.ആര്‍.രവി ഉത്തരവിട്ടു. എന്നാല്‍ ചര്‍ച്ചയ്ക്കും തീരുമാനത്തിനും സൗകര്യമൊരുക്കാന്‍, ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവച്ചിട്ടുണ്ട്. അതിനാല്‍ പുതിയ നിരക്ക് നിശ്ചയിക്കുന്നതു വരെ 500 രൂപയായി തുടരും.

ആര്‍ടിപിസിആറിന്റെ നിരക്ക് ഏപ്രില്‍ 30നാണ് സര്‍ക്കാര്‍ 1700 രൂപയില്‍നിന്ന് 500 രൂപയായി കുറച്ച് ഉത്തരവിട്ടത്. സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂയെന്നും കൂടുതല്‍ ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് പിറ്റേന്ന് അടുത്ത ഉത്തരവും ഇറക്കിയിരുന്നത്. ഇവ രണ്ടും ചോദ്യം ചെയ്തു സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ട് ഉത്തരവുകളും റദ്ദാക്കിയത്.

എന്നാല്‍ ഉത്തരവ് ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത് സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അനുമതിയാണെന്നു കരുതരുതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ലാബുകളുമായി കൂടിയാലോചിച്ചു വേണം നിരക്ക് തീരുമാനിക്കേണ്ടത് എന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിര്‍ദേശം പാലിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി 500 രൂപയാക്കി നിശ്ചയിച്ചെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം.

എന്നാല്‍, ടെസ്റ്റിനു വേണ്ട സാമഗ്രികളുടെ വിപണി വിലയുടെയും മറ്റു ചില സംസ്ഥാനങ്ങളില്‍ 500 രൂപ ഈടാക്കുന്നതും കണക്കിലെടുത്താണ് നിരക്ക് നിശ്ചയിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഐസിഎംആറിന്റെ നിര്‍ദേശ അനുസരിച്ച് സര്‍ക്കാരിന് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ബാധ്യതയുണ്ടായിരുന്നു. ചര്‍ച്ചയില്ലാതെ തീരുമാനമെടുത്തതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

Top