വാക്‌സീന്‍ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായി, കുറയ്ക്കില്ല; ഉത്തരവ് റദ്ദാക്കി കോടതി

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 ആഴ്ചയില്‍ നിന്നു നാലാഴ്ചയായി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് തെറ്റാണ് എന്നു വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണു നടപടി. വാക്‌സീന്‍ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷമാണ് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

ആദ്യ ഡോസ് എടുത്ത് 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതിയുള്ളത്. ഇതിനെതിരെ ഒന്നാം ഡോസ് എടുത്തു നാലാഴ്ച കഴിഞ്ഞ ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് എടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചു നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാന്‍ സാധിക്കുംവിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.

ഇതു നടപ്പാക്കാത്ത വിവരം ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കിറ്റെക്‌സ് ജീവനക്കാര്‍ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞതിനെ തുടര്‍ന്നു രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. കേന്ദ്ര വാക്‌സീന്‍ പോളിസി പ്രകാരം ഇടവേള ചുരുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് ശാസ്ത്രീയ പഠനം.

28 ദിവസം കഴിഞ്ഞു രണ്ടാം ഡോസ് എടുക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫലപ്രദമാകില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ അപ്പീലില്‍ അറിയിച്ചിരുന്നത്. ലോഗാരോഗ്യ സംഘടനകളുടെ ഉള്‍പ്പടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വാക്‌സീന്‍ പോളിസി നിശ്ചയിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ നയപരമായ തീരുമാനം എടുക്കേണ്ട വിഷയത്തില്‍ കോടതി ഇടപെടുന്നതിനെതിരെയും സര്‍ക്കാര്‍ വാദം ഉയര്‍ത്തിയിരുന്നു.

Top