പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി

highcourt

കൊച്ചി: പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പാലം പൊളിക്കലുമായുള്ള മറ്റ് നടപടികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പാലം നിര്‍മിതിയില്‍ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യാഥാര്‍ഥ്യം കണ്ടെത്താതെയാണ് പൊളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു.

പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാലത്തിന്റെ കോണ്‍ക്രീറ്റിന് ആവശ്യമായ ഗുണനിലവാരമുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്റ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സ് പറയുന്നു. മാനദണ്ഡപ്രകാരമുള്ള പരിശോധന നടത്താതെ പാലം ദുര്‍ബലമാണെന്ന് ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചയുണ്ടെന്നും സംഘടന ആരോപിക്കുന്നു. പാലത്തിന് ഗുണനിലവാരം കുറവാണെ മഹേഷ് ടണ്ടന്‍ റിപ്പോര്‍ട്ടും, പാലം പൊളിക്കണമെന്ന് നിര്‍ദേശിച്ച ഐഐടിയുടെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും എന്‍ജിനീയര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.

Top