സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ; വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

അഹമ്മദാബാദ്: പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് വി.ബി മായാനിയാണ് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് അറിയിച്ചത്. സഞ്ജീവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ അംഗമാണ് വി.ബി.മായാനി.

സഞ്ജീവ് ഭട്ടിന്റെ ജാമ്യഹര്‍ജി വന്നപ്പോള്‍ എന്റെ മുന്‍പില്‍ വേണ്ട എന്നു പറഞ്ഞ് ജസ്റ്റിസ് വി.ബി.മായാനി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് വാദം കേള്‍ക്കുന്നതില്‍ നിന്നും അവര്‍ വിട്ടുനിന്നത്.

1990-ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്. പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്.

ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളത്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലായിരുന്നു ഭട്ടിനെ സര്‍വ്വീസില്‍നിന്നും പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Top