യോഗ സന്റെറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസില്‍ പ്രതികള്‍ കീഴടങ്ങണമെന്ന്​ ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് യോഗ സന്റെറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസില്‍ നടത്തിപ്പുകാരന്‍ മനോജ് ഗുരുജി അടക്കം എട്ട് പ്രതികള്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.

യോഗ കേന്ദ്രത്തിലെ ജീവനക്കാരായ ശ്രുതി, ചിത്ര കെ. കൃഷ്ണന്‍, സ്മിത ഭട്ട്, ടി.എം. സുജിത്, ബി.എസ്. മുരളി, അശ്വതി, ശ്രീജേഷ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കീഴടങ്ങുന്ന പ്രതികളെ ചോദ്യംചെയ്യാം. അറസ്റ്റുണ്ടായാല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും തുടര്‍ന്ന് അന്നുതന്നെ ഉപാധികളോടെ ജാമ്യം അനുവദിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതര മതവിഭാഗത്തില്‍പെട്ടവരെ പ്രണയിച്ചതിന്റെ പേരില്‍ യോഗ കേന്ദ്രത്തിലെത്തിച്ച് പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നാണ് പരാതി. ഇവിടെ തടങ്കലിലായിരുന്ന പെണ്‍കുട്ടി രക്ഷപ്പെട്ടശേഷം ധര്‍മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top