കോടതി തുടങ്ങി ! നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തിരക്കഥയാണോയെന്ന് ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കേസില്‍ അന്വേഷണം സിനിമാ തിരക്കഥ പോലെ നീളുകയാണോ എന്ന് കോടതി ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.

പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി തുറന്നടിച്ചു.

സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ എന്നും, അന്വേഷണം എപ്പോള്‍ തീരുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പരിധി വിട്ടാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

15ന് ഹാജരാകണമെന്ന കോടതിയുടെ നിര്‍ദ്ദേശം നാദിര്‍ഷയുടെ അഭിഭാഷകന്‍ അംഗീകരിച്ചിട്ടുണ്ട്.

അന്വേഷണം എന്നു തീരുമെന്ന ചോദ്യത്തിന് ഒരാഴ്ച്ചക്കുള്ളില്‍ അവസാനിക്കുമെന്ന മറുപടിയാണ് ഡിജിപി നല്‍കിയത്. നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. പ്രതി ചേര്‍ത്തിട്ടില്ലെങ്കില്‍ എന്തിനു വേണ്ടിയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.

നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍.

അറസ്റ്റു ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിനു വിധേയനായിട്ടുണ്ടെന്നും കേസുമായി എല്ലാ തരത്തിലും സഹകരിച്ചെന്നും നാദിര്‍ഷ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പല തവണ ചോദ്യംചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും നാദിര്‍ഷ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Top