ആര്‍.എസ്.എസ് ആസ്ഥാനത്ത് ഭീം ആര്‍മിക്ക് സമ്മേളനം നടത്താം; ഹൈക്കോടതി

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള രെഷിംബാഗ് മൈതാനത്ത് സമ്മേളനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് അനുമതി.നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് അനുമതി നല്‍കിയത്. ജഡ്ജിമാരായ സുനില്‍ ഷുക്രെ, മാധവ് ജാംദര്‍ എന്നവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സമ്മേളനം നടത്താന്‍ അനുമതി നല്‍കിയെങ്കിലും ചില നിബന്ധനകള്‍ കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനമോ പ്രതിഷേധമോ ആയി മാറരുത്, പ്രകോപനപരമായ പ്രസംഗങ്ങള്‍ പാടില്ല, സമാധാനാന്തരീക്ഷം നിലനിര്‍ത്തണം, പ്രവര്‍ത്തകരുടെ യോഗം മാത്രമേ നടക്കാവൂ, തുടങ്ങിയവയാണ് നിബന്ധനകള്‍. മാത്രമല്ല ഇക്കാര്യങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് ഉറപ്പുനല്‍കുകയും വേണം. ഉപാധികള്‍ ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്വാലി പൊലീസ് സമ്മേളനത്തിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭീം ആര്‍മി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭീം ആര്‍മി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Top