അഗ്നിപര്‍വ്വത സ്‌ഫോടനം; ഹവായ് ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

vol1

ഹൊനോലുലു: ഹവായ് ദ്വീപില്‍ അഗ്നി പര്‍വ്വത സ്‌ഫോടനം.ദ്വീപില്‍ നിന്ന് 1500-ഓളം പോരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഹവായ് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിരവധി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.
vol2
ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ലെയ്ലാനി എസ്റ്റേറ്റിനു സമീപം താമസിച്ചിരുന്നവരെയാണ് പ്രധാനമായും മാറ്റിപ്പാര്‍പ്പിച്ചത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു കഴിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതോടെയാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് പര്‍വ്വതത്തില്‍ നിന്ന് നീരാവിയും ലാവയും പുറത്തേക്ക് വരിക കൂടി ചെയ്തതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് 38മീറ്റര്‍ വരെ ഉയരത്തില്‍ ലാവ പുറത്തേക്ക് വന്നെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്.
vol3

ലാവാപ്രവാഹത്തിനൊപ്പം അന്തരീക്ഷത്തില്‍ വിഷവാതകമായ സള്‍ഫര്‍ ഡയോക്സൈഡിന്റെ സാന്നിധ്യവും അപകടകരമാംവിധം വര്‍ധിച്ചിട്ടുണ്ട്. വനപ്രദേശത്തുകൂടി ലാവ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കിലവെയ്യയുടെ കിഴക്കന്‍ ഭാഗത്തായുണ്ടായ വിള്ളലില്‍ നിന്നാണ് ലാവാപ്രവാഹമുണ്ടായത്.

Top