ഹത്രാസ്; അന്വേഷണ സംഘത്തിന് സമയം നീട്ടി നല്‍കി യുപി സര്‍ക്കാര്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് സമയം നീട്ടി നല്‍കി യോഗി സര്‍ക്കാര്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിച്ചത്.

ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് പത്ത് ദിവസം കൂടി അനുവദിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് സമയം നീട്ടി നല്‍കിയത്.

അതേസമയം, ഹത്രാസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ആദ്യ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ല, പ്രതി സന്ദീപ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് മൊഴി നല്‍കിയതെന്നാണ് പറഞ്ഞത്. രണ്ടാമത്തെ മൊഴി നല്‍കിയത് ഒക്ടോബര്‍ 22നാണ്. ഇതില്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് സെപ്റ്റംബര്‍ 14നാണ്. അലിഗഡിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ മാസം 19നാണ് ആദ്യ മൊഴി നല്‍കിയത്. ആ മൊഴിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കാര്യം പറഞ്ഞിട്ടില്ല എന്നാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം 22നാണ് രണ്ടാമത്തെ മൊഴി നല്‍കിയത്.

Top