വിളനാശം; നഷ്ടപരിഹാരം തേടി ഹത്രാസ് പീഡനം നടന്ന കൃഷിയിടത്തിന്റെ ഉടമ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സെപ്റ്റംബർ 14നാണ് ഒരു സംഘമാളുകൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ആദ്യം ലോക്കൽ പൊലീസും പിന്നെ യുപി എസ്ഐടിയും അന്വേഷിച്ച കേസ് ഇപ്പോൾ സിബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. എന്നാൽ ഇതേ കേസുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹത്രാസിലെ ഒരു കർഷകൻ.

ഹത്രാസ് പീഡനം നടന്നത് ഈ കർഷകന്റെ കൃഷിഭൂമിയിൽ വച്ചാണ്. സംഭവത്തിന് ശേഷം അന്വേഷണത്തിന്റെ ഭാഗമായി യുപി പൊലീസ് കൊലപാതകം നടന്ന സ്ഥലം എന്ന നിലയ്ക്ക് കോർഡൻ ചെയ്ത് സുരക്ഷിതമാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇയാളുടെ കൃഷിയിടം. കൃഷിയിടത്തിൽ താൻ ചോളം വിതച്ചിരുന്നു എന്നും, പൊലീസിന്റെ നിർദേശം കാരണം ജലസേചനം മുടങ്ങി താൻ വിതച്ച ചോളമെല്ലാം ഉണങ്ങിപ്പോയി എന്നാണ് കർഷകന്റെ വാദം. ഇയാളുടെ കൃഷിയിടത്തിൽ മൃതദേഹം കിടന്ന ഭാഗങ്ങളിൽ പോകാനോ ,ജലസേചനം നടത്തണോ പൊലീസ് അനുവദിച്ചിരുന്നില്ല.

വർഷാ വർഷം ഈ കൃഷിയിടത്തിൽ ചോളം കൃഷി ചെയ്തു കിട്ടുന്ന ലാഭമാണ് തന്റെ ഏക ഉപജീവന മാർഗം എന്നും, ഇപ്പോൾ അത് നഷ്‌ടമായ സ്ഥിതിക്ക് തനിക്ക് 50,000 നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, സർക്കാരിനെ സമീപിച്ചിരിക്കുകയാണ് കർഷകൻ. കാർഷിക ലോണായി എടുത്ത ഒന്നര ലക്ഷം രൂപയുടെ തിരിച്ചടവും ഇനി അസാധ്യമാണെന്നും ഇങ്ങനെ പോയാൽ തന്റെ കുടുംബം പട്ടിണിയാകുമെന്നും കർഷകൻ പറഞ്ഞു. തന്റെ ഈ നഷ്ടത്തിന് കാരണം ഈ സംഭവവും, അതേത്തുടർന്ന് യുപി പൊലീസ് ഏർപ്പെടുത്തിയ കൃഷി ജലസേചന നിരോധനവും ആണെന്നും ഈ കർഷകൻ ആരോപിക്കുന്നു. പരാതിയെപ്പറ്റി അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കും എന്നും ഹത്രാസ് എസ്പി വിനീത് ജയ്‌സ്വാൾ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top