പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധം, തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

harthal

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചൊവാഴ്ച പുലര്‍ച്ചെ നാലരയോടെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സി. ബിജു, മാനേജര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പോലീസ് സംരക്ഷണത്തോടെ എത്തിയാണു ക്ഷേത്ര ചുമതലയേറ്റത്. ക്ഷേത്ര ഭരണസമിതി നിയോഗിച്ചിരുന്ന മാനേജരില്‍നിന്നു ഭണ്ഡാരത്തിന്റേയും ലോക്കറുകളുടേയും താക്കോലുകളും 53,000 രൂപയും ഏറ്റുവാങ്ങി.

കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍ നടന്നത്. ഹൈക്കോടതി വിധിയെതുടര്‍ന്ന് സെപ്റ്റംബര്‍ 21-ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ വന്നിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകള്‍ ഇവരെ തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്നു പിന്മാറിയ മലബാര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുകയും പുതിയ ഉത്തരവ് നേടുകയും ചെയ്താണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

Top