വിദ്വേഷ പരാമര്‍ശം; ശോഭ കരന്തലജെയ്ക്ക് എതിരെ നടപടി, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കി

മിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗലൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശം നല്‍കിയിരിക്കുന്നത്.

ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നി‍ർദേശമുണ്ട്.

ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭ കരന്തലജെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇത് വലിയ രീതിയില്‍ വിവാദമായതോടെ ഇവര്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരുന്നു.  രാമേശ്വരം കഫെയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം.

അതേസമയം, വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ദലജെക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് മധുര പൊലീസ് ആണ് കേസെടുത്ത്.  കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്ഐആറില്‍ പറയുന്നു.

അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം.

ഇതിനിടെ ശോഭ കരന്തലജെക്കെതിരെ കനിമൊഴി എംപി പ്രതികരിച്ചു. തമിഴ്നാട്ടുകാർക്കെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശം വെറുപ്പുളവാക്കുന്നതെന്നും ബിജെപി എന്താണെന്ന് ഇതിലൂടെ വ്യക്തമായി, രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിച്ചത്, ഒരു കേന്ദ്രമന്ത്രിക്ക് ഇങ്ങനെ തരംതാഴാൻ കഴിയുമോ, സമൂഹത്തെ ഒന്നിപ്പിക്കാനല്ല, വിദ്വേഷം പരത്താനാണ് ബിജെപിയുടെ ശ്രമമെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Top