വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ ദുഷിപ്പിക്കുന്നു: സുപ്രിംകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നുവെന്ന് സുപ്രിംകോടതി. ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹർപ്രീത് മൻസുഖാനി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം. ഇത്തരം പ്രസംഗങ്ങൾ സർക്കാർ തടയണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ നേടാനും, എല്ലാ പോസ്റ്റുകളിലും അധികാരം പിടിക്കാനും വംശഹത്യ നടത്താനും 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതെന്ന് ഹരജിക്കാരി ആരോപിച്ചു.

അതേസമയം ഹരജിയിൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഹരജിയിൽ വിശദാംശങ്ങളോ വിശദമായ വാദങ്ങളോ ഇല്ല. അവ്യക്തമായ പ്രസ്താവനകൾ മാത്രമാണുള്ളത്. ഹരജിയിൽ പറയുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നും ഇതിൽ ഉൾപ്പെട്ട വ്യക്തികൾ ആരൊക്കെയാണെന്നും കോടതി ചോദിച്ചു.

വിദ്വേഷ പ്രസംഗം ഇന്ന് ഒരു ലാഭകരമായ ബിസിനസായി മാറിയിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരുടെ മറുപടി. കശ്മീരിലെ പണ്ഡിറ്റുകളുടെ നിർബന്ധിത പലായനവുമായി ബന്ധപ്പെട്ട് ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമക്ക് ഒരു രാഷ്ട്രീയപ്പാർട്ടി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഈ സിനിമ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ഹരജിക്കാരി പറഞ്ഞു. ഹരജി ഇനി നവംബർ ഒന്നിന് പരിഗണിക്കും.

Top