ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണം; ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ഡല്‍ഹിയിലെ കലാപത്തിന് ആഹ്വാനം ചെയ്തുള്ള വിദ്വേഷ പ്രസംഗത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കലാപത്തിന്റെ ഇരകളും ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായി എന്ന് വ്യാപകമായ ആരോപണമുയര്‍ന്നതാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങിപ്പോകുന്നത് വരെ ബിജെപി പ്രവര്‍ത്തകര്‍ ക്ഷമിക്കുമെന്നും അത് കഴിഞ്ഞാല്‍ പിന്നെ എന്ത് വേണമെന്ന് ഞങ്ങള്‍ക്കറിയാമെന്നുമാണ് ഡല്‍ഹി ഡിസിപി അടക്കം നില്‍ക്കുമ്പോള്‍ കപില്‍ മിശ്ര പ്രസംഗിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി നേതാവ് പര്‍വേഷ് വര്‍മയും നടത്തിയ പരിപാടികളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി ബിജെപി നേതാക്കള്‍ കളംനിറഞ്ഞത് വര്‍ഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top