പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞതായി സൂചന

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്ന് സൂചന. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ആലപ്പുഴ സൗത്ത് പൊലീസ് കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തോപ്പും പടിയിലെത്തി. പോപ്പുലർ ഫ്രണ്ടിൻ്റെ റാലികളിൽ മുൻപും ഈ കുട്ടി മുദ്രാവാക്യം വിളിച്ചത് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്നതാണ് പുറത്ത് വന്ന വീഡിയോകളിൽ കണ്ടത്. വലിയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്.

കുട്ടിയെ തോളിലേറ്റിയ അൻസാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടിയെ അറിയില്ലെന്നാണ് അൻസാറിന്റെ നിലപാട്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാറിന്റെ മൊഴി. നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനം നടത്തി. വിവാദ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അവ്യക്തമാക്കിയ ചിത്രമുള്ള ബാനറുമായായിരുന്നു പ്രകടനം. ബാനറിനു മുൻപിൽ മുദ്രാവാക്യം ഏറ്റുവിളിച്ചും ഒരു കുട്ടി ഉണ്ടായിരുന്നു.

Top