ഹാലണ്ടിനും ഫോഡനും ഹാട്രിക്; യുണൈറ്റഡിനെ പൊളിച്ച് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഏര്‍ലിങ് ഹാലണ്ടിന്റെയും ഫില്‍ ഫോഡന്റെയും ഹാട്രിക് മികവില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. കളിയുടെ എട്ടാം മിനുട്ടില്‍ ഫോഡനിലൂടെയായിരുന്നു യുണൈറ്റഡിന്റെ മേലുള്ള സിറ്റിയുടെ ആദ്യ പ്രഹരം. സൂപ്പര്‍ താരം ഡി ബ്രുയിന്‍ നീട്ടി നല്‍കിയ പാസില്‍ കൃത്യതയോടെ വലയിലേക്കെത്തിച്ച് ഹാലണ്ട് സിറ്റിയെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു.

7-ാം മിനുട്ടില്‍ ഹാലണ്ടിന്റെ രണ്ടാം ഗോളോടെ സിറ്റി മൂന്ന് ഗോളിന് മുന്നിലായി. തകര്‍ന്നു നിന്ന യുണൈറ്റഡ് പ്രതിരോധ നിരയെ കബളിപ്പിച്ച് 44-ാം മിനുട്ടില്‍ ഹാലണ്ട് വെച്ച് നല്‍കിയ പാസ് കൃത്യതയോടെ ഫിനിഷ് ചെയ്ത് ഫോഡനും തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 56-ാം മിനുട്ടില്‍ യുണൈറ്റഡിനായി ബ്രസീലിയന്‍ താരം ആന്റണി ആശ്വാസ ഗോള്‍ നേടി.

64-ാം മിനുട്ടില്‍ ഹാലണ്ട് തന്റെ ഹാട്രിക് തികച്ചു. 72-ാം മിനുട്ടില്‍ ഫോഡനും ഹാട്രിക് തികച്ചതോടെ സിറ്റി ഒന്നിനെതിരെ ആറു ഗോളായി ലീഡ് ഉയര്‍ത്തി. 84-ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിനായി രണ്ടാം ഗോള്‍ നേടി. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാര്‍ഷ്യല്‍ യുണൈറ്റഡ് സ്‌കോര്‍ നില മൂന്നിലെത്തിക്കുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഇല്ലാതെയായിരുന്നു കോച്ച് ടെന്‍ ഹാഗ് ടീമിനെ ഇറക്കിയത്. ബഞ്ചിലായിരുന്നു താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞാഴ്ച്ച യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ താരത്തിന് പരുക്കേറ്റിരുന്നു.

 

Top