ഹസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം ഇന്ത്യൻ വനിതക്ക്

സ്വീഡൻ: ഹസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഇന്ത്യൻ വനിതാ ഫോട്ടോഗ്രഫർ ദയാനിത സിങ്ങ് ആണ് പുരസ്കാരത്തിന് അർഹയായത്. 1,53,86,948 രൂപയും സ്വർണ മെഡലും ഡിപ്ലോമയും അടങ്ങുന്നതാണ് പുരസ്കാരം.

സ്വീഡനിലെ ഗോഥെൻബർഗിൽ ഒക്ടോബർ 14ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യ പുസ്കാരജേതാവും സമ്മാനത്തുകയായ ഒന്നര കോടി സ്വീകരിക്കുന്ന ആദ്യ വ്യക്തിയുമാണ് ദയാനിത സിങ്ങ്. ദയാനിത സിങ് പകർത്തി‍യ പ്രശസ്ത ചിത്രങ്ങളുടെയും രചിച്ച പുസ്തകങ്ങളുടെയും പ്രദർശനം അന്നേദിവസം ഹസെൽബ്ലാഡ് സെൻററിൽ നടക്കും.

കൂടാതെ, പുതിയ പുസ്തകത്തിൻറെ പ്രകാശനം തുർക്കി എഴുത്തുകാരൻ ഒർഹാൻ പാമുക് നിർവഹിക്കും. വിപുലമായ ഫോട്ടോഗ്രാഫിക് സങ്കേതങ്ങളിലൂടെ ചിത്രങ്ങൾ പകർത്തുന്നതിൽ ദയാനിത സിങ് പുതിയ വഴികൾ തുറന്നതാണ് പുരസ്കാരത്തിന് അർഹയാക്കിയത്.

ഫോട്ടോഗ്രാഫിയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് എല്ലാ വർഷവും നൽകുന്ന ഈ അന്താരാഷ്ട്ര പുരസ്കാരം, ലോകത്തെ മഹത്തായ ഫോട്ടോഗ്രാഫി അവാർഡുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ചിലിയൻ ഫോട്ടോഗ്രാഫറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും വാസ്തുശില്പിയും ചലച്ചിത്ര നിർമാതാവുമായ ആൽഫ്രെഡോ ജാറിനാണ് 2020ൽ പുരസ്കാരം ലഭിച്ചത്. 2021ൽ ആർക്കും പുരസ്കാരം നൽകിയിരുന്നില്ല.

ഹസെൽബ്ലാഡ് ക്യാമറ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ വിക്ടർ ഹസെൽബ്ലാഡിൻറെയും എർണയുടെയും വിൽപ്പത്രം പ്രകാരമാണ് 1979ൽ ഹസെൽബ്ലാഡ് ഫൗണ്ടേഷൻ സ്ഥാപിതമായത്. ഫോട്ടോഗ്രാഫിയിലും പ്രകൃതി ശാസ്ത്രത്തിലും ശാസ്ത്രീയ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷൻറെ ലക്ഷ്യം.

 

Top