ഹർത്താലിനെതിരെ ഉപവസിച്ച ഹസൻ വക ഹർത്താൽ, പ്രഖ്യാപനത്തിൽ വ്യാപക രോക്ഷം

MM Hassan

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി പ്രഖ്യാപിച്ചത് ഹര്‍ത്താലിനെതിരെ സമൂഹമനസാക്ഷി ഉണര്‍ത്താന്‍ ഉപവാസ സമരം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.

ദേശീയതലത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നു മണിവരെയാണ് കോണ്‍ഗ്രസ് ബന്ദ് പ്രഖ്യാപിച്ചതെങ്കില്‍ പ്രളയദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന കേരളത്തില്‍ ഹര്‍ത്താലെന്ന പേരില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാക്കി ജനജീവിതം സ്തംഭിപ്പിക്കുകയാണ്.

പ്രളയപശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നേരത്തെ ഹര്‍ത്താലിനെതിരെ ഉപവസിച്ച ഹസന്‍ തന്നെയാണ് ഹര്‍ത്താല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും ഇതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങുമെന്നും തുറന്നടിച്ചിരുന്നു. പ്രളയ ബാധിത മേഖലകളെയെങ്കിലും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചത്.

മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ മുനീറിനും ഈ നിലപാടായിരുന്നു. എന്നാല്‍ ഹസനടക്കമുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ഹര്‍ത്താലിനെ തുണക്കുകയായിരുന്നു. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടും കേരളത്തില്‍ അതുണ്ടായില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഭാരത ബന്ദിന് സി.പി.എം അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ സി.പി.എമ്മും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഹര്‍ത്താലിന് ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

Top