വിജയിച്ച് മണിക്കൂറുകള്‍ക്കകം തന്നെ രാജി പ്രഖ്യാപിച്ച് പ്രജ്വല്‍ രേവണ്ണ; രാജി മുത്തച്ഛന് വേണ്ടി

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പേ കര്‍ണാടകയിലെ ജെഡിഎസിന്റെ ഏക എംപി രാജിക്കെരുങ്ങുന്നു. ജെഡിഎസിന്റെ ഏക എംപിയായിട്ടുള്ള പ്രജ്വല്‍ രേവണ്ണയാണ് രാജി സന്നദ്ധത അറിയിച്ചത്.

തുമകുരുവില്‍ പരാജയപ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡക്ക് വേണ്ടിയാണ് പ്രജ്വല്‍ രേവണ്ണ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി വിജയിച്ച് പോന്നിരുന്ന ഹാസന്‍ സീറ്റ് കൊച്ചുമകന് വിട്ട് കൊടുത്താണ് ദേവഗൗഡ ഇത്തവണ തുമകുരുവില്‍ മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ ബസവരാജിനോട് അദ്ദേഹം 13339 വോട്ടിന് പരാജയപ്പെട്ടു. ഹാസനില്‍ പ്രജ്വല്‍ വിജയിക്കുകയും ചെയ്തു. 141324 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

ഇന്ന് രാവിലെയാണ് പത്ര സമ്മേളനം വിളിച്ച് പ്രജ്വല്‍ രേവണ്ണ നിര്‍ണായക തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും എച്ച്.ഡി.ദേവഗൗഡ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അത് കൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹാസനില്‍ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാര്‍ലമെന്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ളസമ്മര്‍ദം ഇല്ലെന്നും മുത്തശ്ഛനെ പാര്‍ലമെന്റിലെത്തിക്കുക മാത്രമാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ ബിജെപിക്കെതിരെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

Top