ഹാഷിം അംല ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍

കേപ്ടൗണ്‍: ബാറ്റ്സ്മാന്‍ ഹാഷിം അംല ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 2021/2022 സീസണിലേക്കുള്ള സിക്‌സ് ഗണ്‍ ഗ്രില്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് സ്‌ക്വാഡില്‍ പേരുണ്ടായിരുന്നുവെങ്കിലും താരത്തിന്റെ അഭ്യര്‍ഥന അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു.

സിക്‌സ് ഗണ്‍ ഗ്രില്‍ ഡബ്ല്യുപിയിലുടെ ജഴ്സിയില്‍ അംലയുണ്ടാവില്ലെന്നത് നിരാശാജനകമാണെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ മൈക്കല്‍ കാന്റര്‍ബറി പറഞ്ഞു. തങ്ങളുടെ യുവകളിക്കാരോടൊപ്പം കളിക്കളത്തിനകത്തും പുറത്തും താരത്തിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തീരുമാനം അംഗീകരിച്ചതിന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന് നന്ദി പറയുന്നതായി അംല പ്രതികരിച്ചു. ‘കരാര്‍ പ്രക്രിയയിലുടനീളമുള്ള തുറന്ന ചര്‍ച്ചയ്ക്ക് വെസ്റ്റേണ്‍ പ്രൊവിന്‍സിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരിയറില്‍ എവിടെയാണെന്നും, ഭാവി പരിശ്രമങ്ങള്‍ കണക്കിലെടുത്തുമാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. വരുന്ന സീസണിലെ സ്‌ക്വാഡിന് എല്ലാ ആശംസകളും നേരുന്നു ‘ അംല പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2019 ആഗസ്റ്റില്‍ വിരമിച്ച താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ സറെയ്ക്കായി 12 മത്സരങ്ങള്‍ കളിച്ച താരം 51.40 ശരാശരിയില്‍ 771 റണ്‍സ് നേടിയിട്ടുണ്ട്.

 

Top