കമറുദ്ദീന്റെ രാജി വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗെന്ന് ഹസന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അറസ്റ്റുണ്ടായത്. എന്നാല്‍ നിയമ നടപടിയെ എതിര്‍ക്കില്ലെന്നും ഹസന്‍ വ്യക്തമാക്കി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരവാദി ജ്വല്ലറി എംഡി പൂക്കോയ തങ്ങളാണെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എയുടെ മൊഴി. എന്നാല്‍ എംസി കമറുദ്ദീനും പൂക്കോയതങ്ങളും ആസൂത്രിത വഞ്ചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Top