‘രാജ്യത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ?’; അദാനി വിവാദത്തില്‍ കേന്ദ്ര ധനമന്ത്രി

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് നിര്‍മല വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.

‘ആ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഇന്നലെത്തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുന്‍പ് വിവിധ ബാങ്കുകളും എല്‍ഐസിയും വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചിരുന്നു. ഇനി ബന്ധപ്പെട്ട ഏജന്‍സികള്‍ ബാക്കി കാര്യങ്ങള്‍ നോക്കും’ നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘ഈ ഏജന്‍സികള്‍ സര്‍ക്കാരിന് കീഴിലല്ല. അവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ അവര്‍ക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തില്‍ ‘സെബി’ക്ക് അവരുടേതായ മാര്‍ഗങ്ങളുണ്ട്’- നിര്‍മല ചൂണ്ടിക്കാട്ടി.

അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതിനെക്കുറിച്ച് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ: ”ഇവിടെ എത്രയോ തവണ അനുബന്ധ ഓഹരി വില്‍പന ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ?’-ധനമന്ത്രി ചോദിച്ചു.

Top