ഇന്ത്യയും, പാകിസ്ഥാനും പറയുന്നത് അമേരിക്ക അനുസരിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

സിഐഎ ചാരന്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശ ചാരസംഘടനകള്‍ ചെവിയോര്‍ക്കുമെന്ന് തിരിച്ചറിയാതെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഡസന്‍ കണക്കിന് രാജ്യങ്ങള്‍ സ്വിസ് കമ്പനിയുടെ എന്‍ക്രിപ്ഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി രഹസ്യങ്ങളായി കൈമാറിയ പല വിവരങ്ങളും ഈ ചാരന്‍മാരുടെ കൈകളില്‍ എത്തിപ്പെട്ടതായാണ് ഞെട്ടിപ്പിക്കുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ ലയിപ്പിച്ച സ്വിസ് സ്ഥാപനമായ ക്രിപ്‌റ്റോ എജി എന്ന സ്ഥാപനത്തിന്റെ രഹസ്യ ഉടമകള്‍ സിഐഎയും, ജര്‍മ്മനിയുടെ ബിഎന്‍ഡിയുമായിരുന്നുവെന്നാണ് വിവരം. അഞ്ച് ദശകം നീണ്ട ഈ രഹസ്യ പരിപാടിയില്‍ പണത്തിന് പുറമെ സുപ്രധാന വിവരങ്ങളും ഈ ചാരസംഘടനകളുടെ കൈകളില്‍ എത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 90കളില്‍ ജര്‍മ്മന്‍കാര്‍ ഈ പരിപാടിയില്‍ നിന്നും പിന്‍വാങ്ങി.

ക്രിപ്‌റ്റോയ്ക്ക് അമേരിക്കന്‍, ജര്‍മ്മന്‍ ഇന്റലിജന്‍സുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്വിറ്റ്‌സര്‍ലാന്‍ഡ് പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ എന്തെല്ലാം വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. ഓസ്‌ട്രേലിയയും, അന്റാര്‍ട്ടിക്കയും ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളും ഇവരുടെ വലയില്‍ കുടുങ്ങിയെന്ന് വ്യക്തമാക്കുന്ന ഭൂപടവും വാഷിംഗ്ടണ്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ക്രിപ്‌റ്റോ ഉപഭോക്താക്കളില്‍ പെടാത്തതിനാല്‍ സോവിയറ്റ് യൂണിയനും, ചൈനയും ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ചുരുങ്ങിയത് നാല് രാജ്യങ്ങള്‍ക്ക് ഈ ചോര്‍ത്തലുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രയേല്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് ഓപ്പറേഷനെക്കുറിച്ച് അറിവുണ്ടായിരുന്നവര്‍, ഈ നിശബ്ദതയ്ക്ക് പകരമായി ചോര്‍ത്തുന്ന വിവരങ്ങള്‍ ഇവര്‍ക്കും ലഭിച്ചിരുന്നുവെന്നാണ് പോസ്റ്റ് റിപ്പോര്‍ട്ട്.

Top