ഹരിയാന റെസ്ലിങ് അസോസിയേഷന്റെ ഹര്‍ജിയില്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിനു സ്റ്റേ

ഹരിയാന: ഇന്ന് നടക്കാനിരുന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിനു സ്റ്റേ. ഹരിയാന റെസ്ലിങ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ലൈംഗികാരോപണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിയ്ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണത്തിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. ബ്രിജ് ഭൂഷണിന്റെ 18 അനുയായികളാണ് ഗുസ്തി തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഹരിയാനാ അമച്വര്‍ റെസലിങ്ങ് അസോസിയേഷനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ നടപടി ചോദ്യംചെയ്താണ് ഹരിയാന റെസ്ലിങ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. ഗുസ്തിതാരങ്ങളുടെ സംഘടന ഹരിയാനാ റെസലിങ്ങ് അസോസിയേഷനാണെന്നും അവര്‍ക്കല്ലാതെ മറ്റാര്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, തങ്ങള്‍ക്ക് റെസലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലും ഹരിയാനാ ഒളിംപിക് അസോസിയേഷനിലും അംഗത്വം ഉണ്ടെന്നും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്നും അമച്വര്‍ റെസലിങ്ങ് അസോസിയേഷന്‍ മറുവാദമുന്നയിച്ചു. ഇതോടെ കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു. അമച്വര്‍ റെസലിങ്ങ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അധികാരമുണ്ടോയെന്ന വിഷയം കോടതി പരിശോധിക്കും.

Top