Haryana Woman Cop Transferred After Spat With Minister Anil Vij

ഫത്തേഗബാദ്: മന്ത്രിയുമായി ഏറ്റുമുട്ടി വിവാദനായികയായ യുവ ഐപിഎസ് ഓഫീസറെ ബിജെപി സര്‍ക്കാര്‍ തെറിപ്പിച്ചു.

ഫത്തേഗബാദ് ജില്ലാ പോലീസ് സൂപ്രണ്ട് സംഗീത കാലിയയെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കാന്‍ എസ്.പി മന്ത്രിയോട് മാപ്പ് പറയണമെന്ന നിര്‍ദ്ദേശം ചില കേന്ദ്രങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സംഗീത കാലിയ അത് തള്ളുകയായിരുന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍ ഇപ്പോഴും.

ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ മദ്യകള്ളക്കടത്തുമായി ബന്ധപ്പെട്ട് എസ്.പി അവലോകന യോഗത്തില്‍ നല്‍കിയ മറുപടിയില്‍ തൃപ്തനാവാതിരുന്ന അരോഗ്യമന്ത്രി അനില്‍ വിജ് എസ്.പിയോട് ഇറങ്ങി പോകാന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 2,500 കേസുകള്‍ മദ്യ കള്ളക്കടത്തുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് ശക്തമായ നടപടി തുടരുകയാണെന്നും എസ്.പി വ്യക്തമാക്കിയിട്ടും മന്ത്രി ഗെറ്റൗട്ട് അടിക്കുകയായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.കെ സോളങ്കിയും, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍,മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ സാക്ഷിനിര്‍ത്തി നടന്ന മന്ത്രിയുടെ പ്രകോപനം സദസിനേയും അമ്പരപ്പിച്ചു.

എന്നാല്‍ മന്ത്രിയുടെ ഉത്തരവ് തള്ളിയ എസ്.പി താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പുറത്ത് പോവില്ലെന്നും തുറന്നടിക്കുകയായിരുന്നു. ഇതോടെയാണ് നാണം കെട്ട് മന്ത്രിക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും പുറത്തേക്ക് പോവേണ്ടി വന്നത്.

തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ മുദ്രാവാക്യം നടത്തി. മന്ത്രി ബഹിഷ്‌കരിച്ച യോഗം പിന്നീട് പോലീസ് തുടരുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ മന്ത്രി തന്നെ മുഖ്യമന്ത്രിയോടും ഡിജിപിയോടും പരാതി പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് എസ്.പിയെ പെട്ടെന്ന് തന്നെ സ്ഥലം മാറ്റിയത്. പകരം നിയമനം നല്‍കിയിട്ടില്ല. മേലില്‍ ഇനി ഈ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു യോഗത്തിലും താന്‍ പങ്കെടുക്കില്ലെന്നും അനില്‍ വിജ് വ്യക്തമാക്കി.

എസ്.പിയെ അപമാനിച്ച മന്ത്രി ‘തിരിച്ചടി ‘ ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും ഐ.പി.എസ് ഓഫീസര്‍മാര്‍ ആരുടെയും അടിമയല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള പൊതു വികാരം. സ്ഥലം മാറ്റത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

നേരത്തെ പശുവിനെ കടുവയ്ക്ക് പകരം ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന അനില്‍ വിജിന്റെ നടപടിയും വിവാദമായിരുന്നു.

പശുവിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ബംഗാള്‍ കടുവക്ക് അക്രമികളെ സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

മന്ത്രിയുടെ ഈ വാക്കുകള്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാരണം മന്ത്രിയുടെ ‘ആക്രമണത്തെ’ പൊലീസ് സേനയില്‍ ‘ടൈഗര്‍’ എന്ന് വിളിപ്പേരുള്ള എസ്.പി പ്രതിരോധിക്കുകയായിരുന്നുവെന്നാണ് സംഗീതയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Top