സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

ന്യൂഡല്‍ഹി:തലസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയിലെ പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ പൊലീസ് ഇവരെ തടയുകയായിരുന്നു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്.

കര്‍ഷകര്‍ക്ക് നേരെ പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കര്‍ഷക പ്രതിഷേധം ആരംഭിച്ച ഘട്ടത്തിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Top