തദ്ദേശീയ തൊഴില്‍ സംവരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഹരിയാന സര്‍ക്കാര്‍

ഹരിയാന: പ്രാദേശിക വാദമുയര്‍ത്തി സ്വകാര്യ മേഖലയില്‍ തദ്ദേശീയ തൊഴില്‍ സംവരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഹരിയാന സര്‍ക്കാര്‍. തൊഴില്‍ സംവരണം അടുത്ത ജനുവരി 15 മുതല്‍ നടപ്പിലാക്കും. മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും.

ഹരിയാന സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നത് ആണ് പുതിയ നിയമം. ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ് നിയമം നടപ്പിലാക്കുമ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്നത് മലയാളികള്‍ അടക്കമുള്ള നിരവധി പേരുടെ തൊഴില്‍ ആയിരിക്കും.

ഡല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനമായ ഹരിയാനയിലെ ഗുരുഗ്രാം ഫരീദാബാദ് പഞ്ച്കുള പാനിപ്പത്ത് നഗരങ്ങള്‍ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലകള്‍ ആണ്. നിരവധി ഐടി വാഹന ഇലക്ട്രോണിക് കമ്പനികളുടെ ഹെഡ്ക്വാര്‍ട്ടേഴ്സ്സുകള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. ഇവിടങ്ങളില്‍ സ്വദേശി സംവരണം നടപ്പിലാക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

സ്വകാര്യ മേഖലയിലെ അടിസ്ഥാന മാസശമ്പളം 50,000 രൂപയായി നിജപ്പെടുത്തി കൊണ്ടാണ് സര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കിയത്. സ്വകാര്യകമ്പനികള്‍ സൊസൈറ്റികള്‍ ട്രസ്റ്റുകള്‍ ലിമിറ്റഡ് പങ്കാളിത്ത കമ്പനികള്‍ തുടങ്ങിയവ നിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകും. 2020 നവംബറില്‍ ഹരിയാന മന്ത്രിസഭ പാസാക്കിയ നിയമം നടപ്പിലാക്കാന്‍ വൈകിയത് കൊവിഡ് മഹാമാരി മൂലമാണ്.

Top