കര്‍ഷക പ്രതിഷേധം തടഞ്ഞ് പൊലീസ്; ഹരിയാനയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ഷക മാര്‍ച്ച് തടഞ്ഞ് പൊലീസ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമ സന്ദര്‍ശനത്തിന് മുന്നോടിയായി ഹരിയാനയിലെ കര്‍ണാലിനടുത്തുള്ള ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകരെയാണ് ഹരിയാന പൊലീസ് തടഞ്ഞത്. കൈംല ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍, ജല പീരങ്കികള്‍ എന്നിവ പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു.

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കൈംല ഗ്രാമത്തില്‍ നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമായും പ്രാദേശിക പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയിരുന്നു. ഗ്രാമവാസികള്‍ കര്‍ഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതാണ് സംഘര്‍ഷത്തിനു കാരണം.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല, ഖട്ടറിന്റെ ഗ്രാമസന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ക്രമസമാധാന സാഹചര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, നിങ്ങള്‍ക്ക് സംഭാഷണം നടത്തണമെങ്കില്‍ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണമെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

Top